Monday, November 3, 2014

ചുമ്മാ... ചുമ്മാ ... ദേ...ദേ..!

അതേ, "ഉമ്മാ... ഉമ്മാ.. താ.. താ.." എന്ന് പറഞ്ഞു ഐറ്റം ഗേളിന്‍റെ പുറകെ നടന്ന സാക്ഷാല്‍ "ബിഗ്‌" ബീ പോലും വിചാരിച്ചു കാണില്ല, നാളികേരത്തിന്‍റെ നാട്ടില്‍ ഇത് പോലെയൊരു വിപ്ലവം നടക്കുമെന്ന്. പിന്നാണ് ഈ "സ്മാള്‍" കുളങ്ങര! വിമോചനസമരം, പുന്നപ്ര വയലാര്‍ സമരം, പ്ലസ്‌ ടൂ സമരം, സോളാര്‍ സമരം ഒക്കെ ഭേഷായി നടന്ന ഈ നാട്ടില്‍ ഇനിയും സമരങ്ങള്‍ക്ക് സ്കോപ്പ് ഉണ്ടെന്ന്‍ കുളങ്ങരക്ക് അറിയാമായിരുന്നു. പക്ഷെ, സത്യം പറയാലോ.. ഇത്രയ്ക്കങ്ങിട് നോം നിരീച്ചില്ല!

ചുംബന സമരം! വാട്ട് എ നൈസ് നെയിം! "ചുംബനപ്പൂ", "ചുംബനകുങ്കുമം", "ചുംബനലത" എന്നൊക്കെ കവികളും സിനിമാപ്പാട്ടുക്കാരും എഴുതി കണ്ടിട്ടുണ്ട്. പക്ഷെ "സമരം" എന്നാ വാക്കിനോട് ചേര്‍ത്ത് വെക്കാന്‍ കാണിച്ച ആ കാല്പനികത. അതിന്‍റെ മുന്‍പില്‍ നോം ആദ്യം തല കുനിക്കുന്നു.

തിരഞ്ഞെടുത്ത തീയതിയും കൊള്ളാം! കേരള പിറവിയുടെ പിറ്റേ ദിവസം! ഇനി മുതല്‍ നവംബര്‍ രണ്ടെന്നു കേട്ടാലോ തിളക്കണം ചോര ഞെരമ്പുകളില്‍, ആവേശം ചുണ്ടുകളില്‍. വാട്ട് ആന്‍ ഐഡിയ സര്‍ജീ!

വ്യക്തി പരമായ ചില കാര്യങ്ങള്‍ക്ക് ഡല്‍ഹിക്ക് പോകാന്‍, കഴിഞ്ഞ വെള്ളിയാഴ്ച വിമാനം കയറിയത് വളരെയധികം വേദനയോടാണ്. ഐക്യകേരളത്തിന്‍റെ സാംസ്കാരിക പുരോഗമനത്തിന്നു നാഴികക്കല്ലായി മാറിയേക്കാവുന്ന ഈ ബൃഹത്ത് സംഭവത്തിനു നേരിട്ട്സാക്ഷ്യം വഹിക്കാന്‍ നമ്മുടെ ഈ നയനയുഗങ്ങള്‍ക്ക് ഭാഗ്യമില്ലതായല്ലോ! ഇതില്‍ പരം കഷ്ടം വേറെ എന്തുണ്ട്.. നഷ്ടവും!

പക്ഷെ.. ഡല്‍ഹി നമ്മളെ കൈ വിട്ടില്ല എന്ന് വേണം പറയാന്‍. സമരമൊന്നും ഇല്ലെങ്കിലും മറ്റേതിനു ഒരു കുറവും കണ്ടില്ല. ഖുത്തബ് മിനാറിന്‍റെ അടുത്തുള്ള റൂഫ്ടോപ്‌ തായി റെസ്റ്റോറന്‍റിന്‍റെ മൂലക്കിരുന്ന ആ യുവമിഥുനങ്ങളെ ആദ്യം നോം ശ്രദ്ധിച്ചില്ലായിരുന്നു. ശ്രദ്ധിച്ചപ്പോള്‍ ഇതെന്തു കൊണ്ട് നേരത്തേ ശ്രദ്ധിച്ചില്ല എന്ന് തോന്നി പോയി. ആ ഹോട്ടലിനെ മുഴവന്‍ പുളകം കൊള്ളിക്കുന്ന സമരമുറകള്‍. ഹോ!


ഐടി ജോലി നിര്‍ത്തി ഉടന്‍ തന്നെ ഈ ഹോട്ടലില്‍ ഒരു സപ്ലയര്‍ ജോലി തരപ്പെടുത്തിയാലോ എന്നായി എന്‍റെ ചിന്ത. മാനേജറിനെ കണ്ടു സോപ്പിട്ട് നോക്കാം. തായി ഭക്ഷണം... തെക്കന്‍ സ്റ്റൈല്‍, വടക്കന്‍ സ്റ്റൈല്‍ , മധ്യ"തായ്" സ്റ്റൈല്‍ എല്ലാം ഉണ്ടാക്കാനറിയാം എന്ന് പറഞ്ഞു നോക്കാം. സമ്മതിച്ചില്ലെങ്കില്‍ "കൂലി ഒന്നും തന്നിലെങ്കിലും കുഴപ്പമില്ല " എന്നും അറ്റ കൈയ്ക്ക് "ഭക്ഷണവും വേണ്ട സര്‍" എന്നും പറഞ്ഞു നോക്കാം. എന്നാലും നഷ്ടമില്ല! (പക്ഷെ. പിന്നത്തെ രണ്ടു ദിവസം കൊണ്ട് ഈ റൂഫ്ടോപ്‌ സംഭവം ഒരു സാമ്പിള്‍ മാത്രമാണെന്നും ഒറിജിനല്‍ വെടിക്കെട്ട്‌ വേറെയാണെന്നും മനസിലായി. കഷ്ടം തന്നെ മൊതലാളീ, കഷ്ടം തന്നെ)

എനി വെയ്സ്! കമിംഗ് ബാക്ക് ടു ദി പോയിന്‍റ്. മറൈന്‍ ഡ്രൈവ്‌ സമരത്തിന്‍റെ ഹൈലൈറ്റ്സ് ടിവിയില്‍ കാണാം എന്ന പ്രതീക്ഷയില്‍ ആണ് തിരിച്ച് ഫ്ലൈറ്റ് കയറിയത്. പക്ഷെ വിചാരിച്ച പോലെ ഒന്നും നടന്നില്ലത്രേ. ഛെ! അല്ലെങ്കിലും ഈ മലയാളീസ് ഇങ്ങനെയാണ്. പാലാണെന്ന് പറഞ്ഞു കൊതിപ്പിക്കും, അവസാനം വല്ല അരിമാവ് കലക്കിയ വെള്ളമായിരിക്കും. (സംഭവം, ആ വാട്സാപ്പില്‍ കണ്ട ചേച്ചിയെ ഏല്‍പ്പിക്കണമായിരുന്നു. അപ്പൊ കാണാമായിരുന്നു പരിപാടി  "സ്പ്പാര്‍" ആവുന്നതു)

എന്തായാലും ഈ സമരകമ്മിറ്റിക്കാരോട് കുളങ്ങരയ്ക്ക് ഇത്രയേ പറയാനുള്ളൂ. ഗഡീസ്, ഇനി ഈ വക പരിപാടി നടത്തുമ്പോള്‍ വിവരം ഉള്ള അണ്ണന്‍മാരോട് ചോദിച്ചിട്ട് വേണം ചെയ്യാന്‍.

അടുത്ത കൊല്ലം, അതായത് 2015 നവംബര്‍ രണ്ടിന്നു,  സംഭവം മിന്നിക്കാന്‍ കുളങ്ങര ഉപദേശിക്കുന്ന പത്തിന അജണ്ട:

1. നവംബര്‍ രണ്ടിന് നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്റ് ആക്ട്‌ പ്രകാരം അവധി പ്രഖ്യാപ്പിക്കുക. (സംഭവം നടത്താന്‍ വല്ല രാഷ്ട്രീയക്കാര്‍ക്ക്  ഒന്ന് രണ്ടുമ്മ കൊടുത്താല്‍ മതി. അതും ഒരു സമരമുറ തന്നെയാണല്ലോ!)

2. റയില്‍വേ ഡിപ്പാര്‍ട്ട്മെന്‍റില്‍ സ്വാധീനം ചെലുത്തി എറണാകുളത്തേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ ഏര്‍പ്പാടാക്കുക.

3. പരിപ്പാടി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് മാറ്റുക. സ്റ്റേഡിയത്തിന്‍റെ സ്റ്റാന്‍ഡുക്കള്‍ക്ക്‌ ഇമ്രാന്‍ ഹാഷ്മി, കമലഹാസന്‍, സിമ്പു, ഫഹദ് ഫാസില്‍ തുടങ്ങിയവരുടെ പേര് നല്‍കുക.

4. കാഴ്ചക്കാര്‍ക്ക്  പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കുക. മേല്‍ പറഞ്ഞ സ്റ്റാന്‍റുകള്‍ക്ക് പറഞ്ഞ ക്രമത്തില്‍ ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റ് വില നിശ്ചയിക്കുക. അതായത് ഇമ്രാന്‍ ഹഷ്മിക്ക് ഏറ്റവും കൂടുതല്‍ നിരക്കും ഫഹദ് ഫാസിലിനു ഏറ്റവും കുറഞ്ഞ നിരക്കും.

5. സമരക്കാര്‍ക്ക് പ്രവേശനം പാസ് മൂലം നിയന്ത്രിക്കുക.

6. ഇണയെ കിട്ടാത്ത സമരക്കാര്‍ക്ക് കരാറടിസ്ഥാനത്തില്‍ ആളെ എത്തിച്ചു കൊടുക്കുക. ജാഥയ്ക്ക് ആളെ സംഘടിപ്പിക്കുന്നവര്‍ക്ക് കരാര്‍ കൊടുക്കാം.

7. സമരക്കാര്‍ക്കായി "ചുംബിക്കാന്‍ നൂറു വഴികള്‍", "ചുംബനം ഒരു കല" എന്നീ പുസ്തകങ്ങള്‍ എത്തിച്ചു കൊടുക്കുക.

8. സമരക്കാരുടെ ബന്ധുകള്‍ക്ക് ടിക്കറ്റ്‌ ഡിസ്കൌണ്ട് നിരക്കില്‍ കൊടുക്കുക. അച്ഛനമ്മമാര്‍ക്കും, ആങ്ങള-പെങ്ങള്‍മാര്‍ക്കും പൂര്‍ണ സൗജന്യമായിക്കൊട്ടെ!

9. മികച്ച സമരക്കാര്‍ക്ക് ബെസ്റ്റ് കപ്പിള്‍ അവാര്‍ഡ് കൊടുക്കാം. തിരഞ്ഞെടുപ്പിനായി എസ്എംഎസ് വോട്ടിങ്ങും, ഫിനാലെ ജഡ്ജിയായി ഇമ്രാന്‍ ഹാഷ്മിയെ കൊണ്ട് വരിക.

10. പരിപാടിയുടെ സാറ്റ്ലൈറ്റ് അവകാശം "കേരള ഹൌസ്" പ്രൊഡ്യുസര്‍മാര്‍ക്ക് കൊടുക്കുക. പല ആംഗിളില്‍ ക്യാമറ വെച്ച് സംഭവം അവന്മാര്‍ ഇടിവെട്ടാക്കും.

വേണമെങ്കില്‍ അവസാനം ഒരു മേമ്പോടിക്ക്  സന്തോഷ്‌ പണ്ഡിറ്റിന്‍റെ നായികമാരുടെ ഒരു ഡാന്‍സ് ഷോയും വെക്കാം. പക്ഷെ കലക്കണമെങ്കില്‍ അതിന്റെ വസ്ത്രാലങ്കാരം പണ്ഡിറ്റിനെ തന്നെ ഏല്‍പ്പിക്കണം.

വാത്സ്യായനനെ നമ്മുക്ക് വീണ്ടും വാഴ്ത്താം 

[അവസാന വാചകത്തിന്‍റെ ആശയ കടപ്പാട് : എം. ടി. (രണ്ടാമൂഴം) ]


വാല്‍ കഷ്ണക്കുറിപ്പ്‌ : ഇനി ഈ പോസ്റ്റിനു പ്രതിഷേധിക്കാനായി ആരെങ്കിലും സമരവുമായി വന്നാല്‍. ഞാന്‍ സമ്മതിക്കും. പക്ഷെ എന്‍റെ ഭാര്യ സമ്മതിക്കും എന്ന് തോന്നുന്നില്ല. ഭാര്യ സമ്മതിക്കാതെ ഒന്നും നടക്കുകയുമില്ല.പറഞ്ഞേക്കാം!